തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴായിരുന്നു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്
പാലക്കാട്: പാലക്കാട് മേനോന്‍പാറയില്‍ ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊട്ടില്‍പാറ സ്വദേശിയായ സൈമണെയാണ് നാട്ടുകാരും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വിഷം കഴിച്ച നിലയില്‍ വീട്ടില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
സൈമണിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്ക് വെട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ യുവതി അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴായിരുന്നു സംഭവം. അമ്മ ചായയെടുക്കാനായി വീട്ടിലേയ്ക്ക് പോയ സമയത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ യുവതി എതിര്‍ത്തു. ഇതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി വാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു. യുവതിക്ക് മുഖത്താണ് വെട്ടേറ്റത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.