ചെന്നൈ: കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി അഭിനേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. പല നടിമാരും ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം എല്ലായിടത്തും ഉള്ളതാണെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് 24, 21 വയസുള്ള തന്റെ പെൺമക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവർ പുലർത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു.