പുലിക്കളി നടത്തേണ്ടതില്ല എന്ന കോർപ്പറേഷൻ്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ പുലിക്കളി സംഘങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. ജില്ലയിലെ മന്ത്രിമാരായ ഡോ ആർ ബിന്ദു, കെ രാജൻ, എംഎൽഎ പി ബാലചന്ദ്രൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോർപ്പറേഷന് നിർദ്ദേശം നൽകി.
ഓണാഘോഷങ്ങൾ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങൾ സംയുക്തമായി മേയർക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ സംഘാടക സമിതി രൂപീകരിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംഘാടക സമിതി യോഗം വിളിച്ചു അഭിപ്രായം ചോദിക്കുകയോ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുകയോ ചെയ്യാതെ പുലിക്കളി ഉപേക്ഷിച്ചത് പുനപരിശോധിക്കണമെന്ന് പുലിക്കളി സംഘങ്ങൾ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയത് മൂലം മുഴുവൻ സംഘങ്ങളും നിലവിൽ വൻ സാമ്പത്തിക ബാധ്യതയിലാണ്. ഈ സാഹചര്യത്തിൽ സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കാമെന്ന് മേയർ അറിയിച്ചുവെങ്കിലും ഇതുവരെ അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് സർക്കാരിനെ സമീപിച്ചത്.
യുവജന സംഘം വിയ്യൂർ ,
വിയ്യൂർ ദേശം പുലികളി സംഘം , ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി ,കാനാട്ടുകര ദേശം പുലികളി ,ചക്കാമുക്ക് ദേശം പുലികളി , ശക്തൻ പുലികളി സംഘം , സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി,പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരിക സമിതി, അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി എന്നീ സംഘങ്ങളാണ് ഇത്തവണ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.