ഇന്ന് ബാങ്കേഴ്സ് സമിതി യോഗം
മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി അറിയിച്ചു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്സ് സമിതി യോഗത്തിൽ ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.
ഇതിനിടെ ധനസഹായത്തിൽ നിന്നും വായ്പ അടവ് തിരിച്ചുപിടിച്ച ബാങ്കിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപറ്റ ഗ്രാമീൺ ബാങ്ക് ശാഖ ഉപരോധിക്കുകയാണ്. ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തിൽ നിന്നും ലോണുകളുടെ തിരിച്ചടവ് തുക പിടിച്ചതിൽ പ്രതിഷേധിച്ചാണ് ഉപരോധം. ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തിൽ നിന്നും ലോണുകളുടെ തിരിച്ചടവ് പിടിച്ച ഗ്രാമീണ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ച് രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ ഉള്ള കേരള ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസ് ഉപരോധിക്കുമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.