ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബഞ്ച് അനുവാദം നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും
റിപ്പോർട്ട് പുറത്തുവിടരുതെന്ന നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെ നാളെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതിനിടെയാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്.
സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്.