കാളു കുറുമ്പൻ വല്യപ്പന്റെ വീട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടി വി യിൽ ആണ് ആദ്യമായി ഞാൻ ഉർവശിയെ കാണുന്നത്.
ദൂരദർശനിൽ ഒരു ഇന്റർവ്യൂ
പാവാടയും ബ്ലൗസും ഇട്ട് ഉർവ്വശി നല്ല പച്ച മലയാളത്തിൽ അഭിമുഖക്കാരനോട് സംസാരിക്കുന്നു. നല്ല ഭംഗിയുള്ള ചിരി.ചുരുണ്ട മുടി മുഖത്തേക്ക് പാറി വീഴുന്നുണ്ട്. വീതിയുള്ള പുരികം വിടർന്ന കണ്ണുകൾ…. അന്നേ മനസ്സിൽ കയറിയതാണ് ആ മുഖവും ഉർവ്വശി എന്ന പേരും.
അന്നൊക്കെ ടി വിയിൽ വരുന്ന സിനിമ മാത്രം കാണാൻ പറ്റിയിരുന്നുള്ളു.
അങ്ങനെ കണ്ട ആദ്യ ഉർവ്വശി പടം യുവജനോത്സവം ആയിരുന്നു. ലാലേട്ടന്റെ ഒപ്പം ഉർവ്വശി.
പാടാം നമുക്ക് പാടാം…
വീണ്ടും ഒരു പ്രേമഗാനം…
ആ പാട്ട് ഇന്നും ഇഷ്ടങ്ങളിൽ മുമ്പൻ ❤️
പിന്നെ വേണു നാഗവള്ളി സിനിമകളിൽ ഉർവ്വശി തന്നെ മിന്നും താരം. കാല്പനീക പ്രണയം പെയ്യുന്ന സുഖമോ ദേവിയിൽ ദേവിയും നന്ദനും…. സണ്ണിയുടെയും താരയുടെയും പ്രണയത്തിനും ജീവിതത്തിനും മേലെ ആയിരുന്നു ശലഭങ്ങൾ പറന്നു പൊങ്ങുന്ന വീടിനെക്കുറിച്ചുള്ള നന്ദന്റെയും ദേവിയുടെയും സ്വപ്നങ്ങൾ.
സുഖമോ ദേവി…. ആ ചോദ്യം പോലെ തന്നെ നൊസ്റ്റാൾജിയ കൂടുകൂട്ടിയ സിനിമ.
ഒരിക്കൽ ഏതോ ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞു, ആ സിനിമ ഷൂട്ട് ചെയ്തത് തിരുവനന്തപുരത്താണ്. വേണു നാഗവള്ളിയുടെ പ്രണയാനുഭവം തന്നെയായിരുന്നു ആ ചിത്രം. ഷൂട്ടിംഗ് നടക്കുമ്പോൾ ഒറിജിനൽ ദേവി ഒരു മതിലിനു അപ്പുറം നിന്നു സിനിമയിലെ ദേവിയെ നോക്കിക്കാണുമായിരുന്നു എന്ന്.ആലോചിച്ചു നോക്കുമ്പോ എത്രയോ മനോഹരം ആയൊരു നിമിഷം ആയിരുന്നിരിക്കും ആ സിനിമയുടെ അണിയറക്കാർക്ക് ആ അനുഭവം.
ഓർമ്മയിൽ വരുന്ന അടുത്ത വേണുനാഗവള്ളി സിനിമ സ്വാഗതം ആണ്.അതിലെ അടിപൊളി വേഷക്കാരിയായി ഷർട്ടും പാന്റും ഇട്ട് മുടിയൊക്കെ കാറ്റിൽ പറത്തി അശോകന്റെ ബൈക്കിന്റെ പിന്നിൽ കയറി ഉർവശി എത്തി നമുക്ക് മുന്നിലേക്ക്. ദേഷ്യവും പ്രണയവും സങ്കടവും ഒന്ന് ചേർന്ന അടിപൊളി കഥാപാത്രം ആയി അവർ ജീവിച്ചു.
മാളൂട്ടിയിലെ ഗൾഫ്കാരന്റെ ഭാര്യ, മാളൂട്ടിയുടെ അമ്മ, പാവം മരുമകൾ ❤️
സ്ഫടികത്തിലെ തുളസി ടീച്ചർ…ആടുതോമക്ക് ഒപ്പം കള്ള് കുടിച്ചു കൂളിംഗ് ഗ്ലാസ് വെച്ച് ഉർവശി ആടി തകർത്തു. ലാൽസലാം സിനിമയിൽ അന്നമ്മയായി ചട്ടയും മുണ്ടും ഉടുത്തു അവർ എത്തിയപ്പോൾ നെട്ടൂരാനും അന്നമ്മക്കും ഒപ്പം നമ്മളും സഖാക്കന്മാരായി മാറി.
എട്ടാം ക്ലാസുമുതൽ എന്റെ ഡ്രസ്സ് മടക്കി വെക്കുന്ന അലമാരയിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ച ഒന്നായിരുന്നു മനോജ് കെ ജയന്റെ ഫോട്ടോ. ഉർവ്വശിയെ അങ്ങേര് കല്യാണം കഴിച്ചു എന്ന് അറിഞ്ഞപോ ആയിരുന്നു ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഞാൻ കീറിക്കളഞ്ഞത്. എനിക്ക് എന്തോ ആ കല്യാണം കഴിഞ്ഞതോടെ മനോജിനെ ഇഷ്ടം അല്ലാതായി. ഉർവശി എനിക്കൊപ്പം പിന്നെയും ഉണ്ടായിരുന്നു ഏറ്റവും ഇഷ്ടത്തോടെ.പിടക്കോഴി കൂവുന്ന നൂറ്റാണ്ടും ഉത്സവ മേളവും ഉർവശി അണിയറയിൽ കൂടി പ്രവർത്തിച്ച സിനിമ ആയിരുന്നു.
കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം കളിപ്പാട്ടം ഒക്കെയും ഇഷ്ടം കൂട്ടിക്കൊണ്ടേയിരുന്നു.
അച്ചുവിന്റെ അമ്മയിൽ റിയൽ നായിക ഉർവശി തന്നെയായിരുന്നു. Lic ഏജന്റ് വനജക്ക് ഉർവ്വശിയുടെ രൂപവും ഭാവവും ഇല്ലാതെ നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല.
കോമഡി ആയാലും നാടൻ വേഷം ആയാലും പൊങ്ങച്ചക്കാരി ആയാലും ഉർവ്വശിയുടെ തട്ട് തന്നെ തൂക്കം കൂടി നില്കും.
തലയണമന്ത്രത്തിലെ കാഞ്ചന ഇപ്പഴും നമുക്കിടയിൽ ഉണ്ടല്ലോ. ഒരു കരിമണിമാല കണ്ടാൽ, ഒരു ഗൾഫ് കാരന്റെ സമ്മാനം കണ്ടാൽ, ഒരു സെക്കന്റ് ഹാൻഡ് കാർ വാങ്ങുന്ന സാധാരണ മലയാളിയെ ഓർമ്മിച്ചാൽ പോളിയേസ്റ്റർ സാരി ഉടുത്തു കുശുമ്പ് മൂക്കുമായി അപ്പോ തന്നെ കാഞ്ചന എത്തും മനസ്സിൽ ചിരിയുടെയും ചിന്തയുടെയും ഓർമ്മക്കെട്ടുമായി.
ഉള്ളൊഴുക്കു ഉർവ്വശിക്കു അടുത്ത അവാർഡിലേക്കുള്ള ചവിട്ടുപടിയാവട്ടെ.
ആശംസകൾ പ്രിയ സഖി ❤️
ഉർവശിയുടെ മാസ്മരിക- അഭിനയത്തെ കുറിച്ച് പറയാതെ വയ്യ. കഥാപാത്രമായി കൂടുമാറാനുള്ള സിദ്ധി ഉർവശിക്ക് പണ്ടേയുള്ളതാണ്. പുറത്ത് താളത്തിലും താളം തെറ്റിച്ചും അലറിപ്പെയ്യുന്ന മഴ പോലെ വികാരങ്ങൾ അനായാസമായി ആ മുഖത്ത് മിന്നിമറയുന്നു. മകന്റെ രോഗം മറച്ചുവെച്ച് , അവനുവേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം തകരാറിലാക്കുന്ന നിസ്സഹായയായ അമ്മ, അതിന്റെ തിരിച്ചടിയിൽ ജീവിതത്താളം തകരുന്ന സന്ദർഭത്തിൽ മാത്രം, സ്വപ്‌നങ്ങൾ കുഴിച്ചുമൂടേണ്ടി വന്ന ഒരു ഭൂതകാലം തനിക്കും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. മുഖം കൊണ്ടും ശരീരഭാഷ കൊണ്ടുംപാർവ്വതിക്കൊപ്പം ഉർവശി തന്റെ റോൾ ഉള്ളൊഴുക്കിലും ഗംഭീരമാക്കി.
Urvvashi#filimstar#booksinstagram#reels#
സനിത അനൂപ്