ആഗസ്റ്റ് 15ന് നിരാഹാരം അനുഷ്ഠിച്ച് മാവോയിസ്റ്റ് തടവുകാര്‍. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ മാവോയിസ്റ്റ് തടവുകാരാണ് സ്വാതന്ത്ര്യ ദിനത്തില്‍ നിരാഹാരമിരിക്കുന്നത്. യുഎപിഎ കേസില്‍ ജാമ്യമോ വിചാരണയോ ഇല്ലാതെ തടവിലിടരുത്, എല്ലാവര്‍ക്കും ജാമ്യം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുഎപിഎ കേസിലും ജാമ്യം നിയമമായി അംഗീകരിക്കുക, രാഷ്ട്രീയ കേസില്‍ ഉള്‍പ്പെട്ടവരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക, വസ്ത്രം അഴിച്ചുള്ള ദേഹപരിശോധനയും വിലങ്ങുവെയ്ക്കുന്നതും അവസാനിപ്പിക്കുക, എല്ലാ യുഎപിഎ തടവുകാര്‍ക്കും നിയമപ്രകാരം ആറ് മാസം കൂടുമ്പോള്‍ പരോള്‍ അനുവദിക്കുക, ജയില്‍മര്‍ദ്ദനം പോലുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഇന്റര്‍വ്യൂ, ക്യാന്റീന്‍, തപാല്‍ പോലുള്ള തടവുകാരുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, തടവുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ടി വി അടക്കമുള്ള വിനോദ സൗകര്യങ്ങളും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ഉറപ്പാക്കുക, വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുക, ജീവിതബല സൂചികയുടെ അടിസ്ഥാനത്തില്‍ തടവുകാരുടെ പണിക്കൂലി വര്‍ദ്ധിപ്പിക്കുക, പരാതികള്‍ തടഞ്ഞ് വെയ്ക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാവോയിസ്റ്റ് തടവുകാര്‍ നിരാഹാരമിരിക്കുന്നത്.
തിരുവെങ്കടം, അനീഷ് ബാബു, ദീപക്, രാജീവന്‍, ഉസ്മാന്‍, രാജന്‍, വിജിത്ത്, ചൈതന്യ, ദിനേശ്, ആജ്ഞനേയലു, കൃഷ്ണമൂര്‍ത്തി, സോമന്‍ എന്നീ മാവോയിസ്റ്റ് തടവുകാരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
അറസ്റ്റ് ചെയ്ത സമയത്ത് എടിഎസ് ഉദ്യോഗസ്ഥര്‍ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് തടവുകാരൻ സോമൻ ദിവസങ്ങളോളും നിരാഹാരം അനുഷ്ഠിച്ചിരുന്നു. അറസ്റ്റ് സമയത്ത് മര്‍ദിച്ചതിലും കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്ന വേളയില്‍ നഗ്നനാക്കി പരിശോധിച്ചതിലും പ്രതിഷേധിച്ചായിരുന്നു നിരാഹര സമരം. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളും തടവുകാരുടെ അന്തസ്സ് ഹനിക്കുന്ന ജയിലധികൃതരുടെ ഇടപെടലുകളും നിരന്തരമായി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സമരങ്ങള്‍ക്ക് തടവുകാര്‍ നിര്‍ബന്ധിതരാവുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. മര്‍ദ്ദനത്തിനെതിരെ സോമന്‍ പാലക്കാട് കോടതിയില്‍ പരാതി നല്‍കിയിരുന്നു.