സഹകരണം എന്നാൽ ജനങ്ങളോട് ചേർന്ന് നിൽക്കുക. സഹകരണം എന്ന വാക്കിനെ ജനങ്ങളോട് ചേർത്ത് നിർത്തുന്ന ബാങ്കാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്, ഹെഡ് ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് പോലെയുള്ള ദുരന്ത ബാധിത മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ഇവരുടെ ശ്രമങ്ങൾ മാതൃകാപരമാണ്. കഴിഞ്ഞ പ്രളയത്തിലും ദുരിത ബാധിതർക്കൊപ്പമായിരുന്നു ബാങ്കിന്റെ സഹയാത്രികർ. ഇത്തരം ശ്രമങ്ങൾ കൂടിച്ചേരുമ്പോഴാണ് സഹകരണ മേഖല അക്ഷരാർത്ഥത്തിൽ ജനകീയമാകുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഐ .കെ വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി.സി ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്കിന്റെ തന്നെ അനുബന്ധ സ്ഥാപനങ്ങളായ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, സമന്വയ സഹകരണ മാർട്ട്, മിൽമ കഫത്തേരിയ തുടങ്ങിയ കാലോചിതമായ സംരംഭങ്ങളും ഇതിനൊപ്പം ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. സമന്വയ സഹകരണ മാർട്ടിന്റെ ഉദ്ഘാടനം സി.സി മുകുന്ദൻ എം.ൽ.എയും ഇലക്ട്രിക് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനും നിർവഹിച്ചു. ബാങ്കിനെ മുൻ കാലങ്ങളിൽ നയിച്ച മുൻ പ്രസിഡന്റുമാരെ മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ ആദരിച്ചു.