വേശ്യാലയം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമര്‍പ്പിച്ച് ഹര്‍ജി കണ്ട് അമ്പരന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വേശ്യാലയം സ്ഥാപിക്കാൻ സംരക്ഷണം തേടിയുള്ളതാണ് ഹര്‍ജി. അഭിഭാഷകനായ രാജ മുരുഗനാണ് ഹർജി സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും അഭിഭാഷകൻ ഹര്‍ജിയിൽ ആവശ്യപ്പെട്ടു. ഹര്‍ജി 10000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച് രോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പ്രായപൂർത്തിയായവർക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം പരാമർശിച്ച് ഹർജി സമർപ്പിച്ച അഭിഭാഷകൻ്റെ നടപടിയെ ജസ്റ്റിസ് ബി പുഗളേന്തിയുടെ ബെഞ്ച് നിശിതമായി വിമർശിച്ചു. നിലവാരമുള്ള കോളേജുകളിൽ നിന്ന് ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യിക്കാവൂ എന്ന് ഹൈക്കോടതി ബെഞ്ച് ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
അഭിഭാഷകർക്കുള്ള പരിഗണനയും ബഹുമാനവും സമൂഹത്തിൽ നഷ്ടപ്പെടുന്ന സാഹചര്യം ബാർ കൗൺസിൽ മനസിലാക്കണം, ആന്ധ്രയിലും കര്‍ണാടകത്തിലുമുള്ള നിലവാരമില്ലാത്ത കോളേജുകളിൽ നിന്ന് നിയമ ബിരുദം നേടി വരുന്നവരെയെങ്കിലും കുറഞ്ഞത് എൻറോൾ ചെയ്യിക്കാതിരിക്കാൻ ബാർ കൗൺസിൽ ശ്രദ്ധിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയിൽ ഉഭയസമ്മത പ്രകാരം 18 വയസിന് മേലെ പ്രായമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാനുള്ള സൗകര്യം താൻ ഭാഗമായ ട്രസ്റ്റ് നൽകുന്നുണ്ടെന്ന് ഹൈക്കോടതിയിൽ രാജ മുരുഗൻ വ്യക്തമാക്കി. ഇവിടെ കൗൺസിലിങും ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ എണ്ണ തേച്ച് കുളിക്കാനും സൗകര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സുപ്രീം കോടതി വിധി രാജ മുരുഗൻ തെറ്റിദ്ധരിച്ചതാണെന്ന് ഹൈക്കോടതി വിലയിരുത്തി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദാരിദ്ര്യം ബലഹീനതയായി കണ്ട് മുതലെടുക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മുരുഗനോട് എൻറോൾമെൻ്റ് സര്‍ട്ടിഫിക്കറ്റ്, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റും ബാർ അസോസിയേൻ അംഗത്വ രേഖയും പരിശോധനയ്ക്കായി സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.