കൊച്ചി: നഗരമധ്യത്തിൽ പനമ്പള്ളി നഗറിലെ അപ്പാർട്മെന്റിൽ നിന്നു നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇരുപത്തിമൂന്നുകാരിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ പുരോഗതിയും രണ്ടു മാസത്തിലേറെയായി കസ്റ്റഡിയിൽ ആണെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. എസ്. ഡയസിന്റെ നടപടി.
പ്രതി തടവിൽ തുടരേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. പുറത്തിറങ്ങാൻ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ടാൾ ജാമ്യവും നൽകണമെന്നു വ്യവസ്ഥയുണ്ട്. എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ ശ്രമിക്കരുതെന്നും ഉപാധികളുണ്ട്.
നേരത്തേ മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
മേയ് 3നു രാവിലെ പ്രസവം നടന്നയുടൻ യുവതി കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്. പീഡനം ആരോപിച്ചു യുവതിയുടെ സുഹൃത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു.
എംഎസ്സി സൈക്കോളജി വിദ്യാർഥിനിയായ താൻ പീഡനത്തിനിരയായി ഗർഭിണിയായതു മുതൽ മാനസിക സംഘർഷം അനുഭവിക്കുകയാണ്. പീഡന അതിജീവിത എന്ന നിലയിൽ നിയമപരമായി ലഭിക്കേണ്ട പരിഗണനയോ അനുകമ്പയോ കിട്ടിയില്ല. കസ്റ്റഡിയിൽ അടിയന്തര ചികിത്സയും നിഷേധിക്കപ്പെട്ടു. അന്വേഷണവുമായി സഹകരി ക്കാനും ആവശ്യപ്പെടുമ്പോൾ ഹാജരാകാനും തയാറാണെന്നു ഹർജിയിൽ പറഞ്ഞു.