മികച്ച നിരൂപക പ്രശംസ നേടി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ജിസ് ജോയ് ചിത്രമാണ് തലവന്‍. ബിജു മേനോന്‍ – ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററില്‍ അറുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ 65 ദിവസത്തെ വിജയാഘോഷ ചടങ്ങിൽ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ആണ് തലവൻ 2 ടീസറിലൂടെ പ്രഖ്യാപിച്ചത്.ചടങ്ങിൽ ആസിഫ് അലി, ബിജു മേനോന്‍, കുഞ്ചാക്കോ ബോബൻ, ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ മഹാദേവൻ തുടങ്ങിയർ പങ്കെടുത്തു .
മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീല്‍ ഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിസ് ജോയുടെ വ്യത്യസ്തമായ ഈ പരീക്ഷണം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഉലകനായകന്‍ കമല്‍ ഹാസന്‍ അടക്കം കലാ സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.