നീറ്റ് കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുപ്പതോളം ഹർജികൾ ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക. നീറ്റ് പരീക്ഷ വീണ്ടും നടത്തുക എന്നത് പ്രായോഗികമല്ല എന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അനുചിത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കാരണത്താൽ പരീക്ഷയുടെ ആകെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ല എന്ന നിലപാട് എൻ ടി എയും സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന സുപ്രീംകോടതി നീറ്റ് വിഷയത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ തുടർനടപടികൾ എന്താണ് എന്ന് തീരുമാനിക്കും. വേനൽ അവധി കഴിഞ്ഞ് സുപ്രീംകോടതിയുടെ ആദ്യപ്രവർത്തി ദിവസമാണ് ഇന്ന്.
പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ലെന്നുമാണ് എൻടിഎ സുപ്രിംകോടതിയിൽ അറിയിച്ചിരുന്നത്. ഗോദ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്.രാജ്യത്ത് മറ്റിടങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ആൾമാറാട്ടങ്ങളെക്കുറിച്ചാണ്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും എൻടിഎ അറിയിച്ചിരുന്നു.