റേഷൻ കടകൾ തുടർച്ചയായി നാല് ദിവസം അടഞ്ഞു കിടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ തുറക്കില്ല. ജൂലൈ 6 മുതൽ 9 വരെ 14,000ത്തോളം റേഷൻ കടകൾ പ്രവർത്തിക്കില്ല. രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്.
കെ ടി പി ഡി എസ് ആക്‌ട് കാലോചിതമായി മാറ്റം വരുത്തുക. റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്‌കരിക്കുക. കിറ്റ് കമ്മീഷൻ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാൽ ജൂലൈ 6 റേഷൻ കടകൾക്ക് അവധിയാണ്.രാപ്പകൽ സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം.