മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ മദ്യശാലകള്‍ക്ക് സമീപം കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും വിഷമദ്യ ദുരന്തം ആവര്‍ത്തിക്കുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഇത് നിയന്ത്രിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ഇരകളോട് എനിക്ക് സഹതാപമില്ലെന്ന് പറയാനാവില്ല. എന്നാല്‍ അവര്‍ പരിധി ലംഘിച്ചു, അശ്രദ്ധരായി. ആരോഗ്യം ശ്രദ്ധിക്കാന്‍ ജാഗ്രത കാണിക്കണമായിരുന്നു. മദ്യമായാലും ഷുഗര്‍ ആയാലും അമിതമായാല്‍ പ്രശ്‌നമാണ്. മിതമായ അളവില്‍ മാത്രം മദ്യം കഴിക്കുക.’ എന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം ഈ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ ഫാര്‍മസികളുടെ എണ്ണത്തിന് തുല്യമായിരുന്നു മദ്യഷാപ്പുകളുടെ എണ്ണം. മദ്യ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നടത്താന്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കണം. മദ്യശാലകളുടെ അടുത്ത് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. എല്ലാവരും ഒറ്റക്കെട്ടായി മദ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. വിഷ മദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ വീടും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു.