പരുക്കേറ്റതായി പറഞ്ഞു കൂട്ടുകാർ ആശുപത്രിയിൽ കൊണ്ടുവന്നതു ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളെയെന്നു പൊലീസ്
കുന്നംകുളം ചെറുവത്താനി വലയിപറമ്പ് അമ്മാട്ട് രവീന്ദ്രൻ്റെയും രത്നയുടെയും മകൻ വിഷ്‌ണു (26) മരിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വടുതല ഉള്ളിശ്ശേരി ചുങ്കത്ത് ശ്രീശാന്ത് (23), ചെറുവത്താനി പൊലിയത്ത് ഷിജിത്ത് (27), ചെറുവത്താനി മൂർത്താട്ടിൽ വിഷ്ണുരാജ് (27) എന്നിവരെയാണു കൊലപാതകക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തത്.
കഴുത്തിലേറ്റ അടിയാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പരുക്കുകളുണ്ട്. ബൈക്കിൽ നിന്നു വീണു പരുക്കേറ്റതായി പറഞ്ഞു ബൈക്കിൽ ഇരുത്തിയാണു പ്രതികൾ ഞായറാഴ്‌ച രാത്രി ദയ ആശുപത്രിയിലേക്ക് വിഷ്‌ണുവിനെ കൊണ്ടുവന്നത്. ആശുപ്രതിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ
വിഷ്ണു മരിച്ചതായി ഡോക്ടർ സ്‌ഥിരീകരിച്ചു. കൂടുതൽ അന്വേഷിച്ചപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുവന്നവർ സംഘർഷാവസ്ഥ ഉണ്ടാക്കി. ഇതോടെ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചിറ്റഞ്ഞൂരിൽ ആനയെ കെട്ടുന്ന പറമ്പിൽ നിന്നാണു വിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നു പൊലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടിൽ ഫാബ്രിക്കേഷൻ പണി ചെയ്യുന്ന ആനപ്രേമിയായ വിഷ ഈ ആനത്തറിയിൽ ഇടയ്ക്കിടെ എത്താറുണ്ട്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. പ്രതികളിൽ ഒരാളായ
വിഷ്ണുരാജും മരിച്ച വിഷ്ണുവും തമ്മിൽ മുൻപ് വഴക്കുണ്ടായിരുന്നതായും പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ സംസ്ക്‌കരിച്ചു.