ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്
തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘട്ടനത്തില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നല്‍കാവുന്ന വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ കലാശിച്ചത്. ഡിസിസി സെക്രട്ടറി സജീവന്‍ കുരിച്ചിറയ്ക്ക് മര്‍ദ്ദനമേറ്റതാണ് തുടക്കം. കെ മുരളീധരന്റെ വിശ്വസ്തനാണ് സജീവന്‍ കുരിച്ചിറ. ഡിസിസി പ്രസിഡന്റും കൂട്ടരും മര്‍ദ്ദിച്ചെന്നായിരുന്നു സജീവന്റെ പരാതി. സജീവനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത് കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ രംഗം വഷളായി. ഇതോടെ ഇരുചേരിയായി തിരിഞ്ഞ് പോര്‍വിളിയും കയ്യാങ്കളിയുമായി.