സുരേഷ് ഗോപിക്ക് ആശംസകളുമായി മലയാളത്തിൻറെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സുരേഷിന്റെ വിജയത്തിൽ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദങ്ങളെന്നാണ് മമ്മൂട്ടി കുറിച്ചത്. അഭിനന്ദനങ്ങൾ പ്രിയ സുരേഷ് എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
നിർമാതാക്കളായ ജി.സുരേഷ് കുമാർ, കല്ലിയൂർ ശശി, നടൻ കൃഷ്ണകുമാർ തുടങ്ങിയവർ സുരേഷ് ഗോപിയുടെ വീട്ടിൽ നേരിട്ടെത്തി ആശംസകൾ നേർന്നു. വിജയത്തിനു ഗുരുവായൂരപ്പൻ മുതൽ ലൂർദ് മാതാവിനു വരെ നന്ദി പറഞ്ഞാണു സുരേഷ് ഗോപി പ്രതികരിച്ചു തുടങ്ങിയത്. വലിയ അധ്വാനത്തിന്റെ കൂലിയാണു ലഭിച്ചത്. ഒഴുക്കിനെതിരെയാണു നീന്തിക്കയറിയത്. വ്യക്‌തിപരമായി ഒരുപാട് ദ്രോഹങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിൽ നിന്നു കരകയറാൻ കഴിഞ്ഞു. തൃശൂരിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.
വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ, അവരുടെ മനസ്സ് ശുദ്ധമാക്കി തന്നിലേക്കും താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലേക്കും തിരിച്ചുവിട്ടു. കഴിഞ്ഞ 5 വർഷമായി താൻ ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടിയായി തിരികെ നൽകിയ തൃശൂരിലെ പ്രവർത്തകർക്ക് നന്ദി.കേരളത്തിന്റെ മുഴുവൻ വികസനത്തിനായി മുന്നിട്ടിറങ്ങുന്ന എംപിയായി പ്രവർത്തിക്കും.
തങ്ങൾക്ക് ആരു വന്നാലാണു ഗുണം എന്നു ജനം ചിന്തിച്ചു തുടങ്ങിയാൽ ഇനിയും മാറ്റങ്ങളുണ്ടാകും. പാർട്ടി നിർദേശം അനുസരിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ വീടിനു മുന്നിൽ കാത്തു നിന്നു മാധ്യമപ്രവർത്തകർക്ക് വെള്ളവും ഭക്ഷണവും നൽകിയാണ് സുരേഷ് ഗോപിയും കുടുംബവും മടക്കിയയച്ചത്.