തൃശൂർ:തൃശൂരിലെ ആദ്യ ഡബിൾ ഡക്കർ സർവീസിനെ യാത്രക്കാരും ജനങ്ങളും ചേർന്ന് വരവേറ്റു. യാത്രക്കാർ ആവേശത്തോടെ ബസിൽ ഇരുന്നും നിന്നും കാഴ്ചകൾ കണ്ടപ്പോൾ അത് ജനങ്ങൾക്കും ആവേശമായി. ബുധൻ പകൽ മൂന്നിന് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് സുവോളക്കിൽ പാർക്കിലേക്കായിരുന്നു ആദ്യ സർവീസ്. തൃശൂരിൻ്റെ നഗര സൗന്ദര്യവും ഗ്രാമഭംഗിയും ആസ്വദിച്ച് പൂത്തൂർ സുവോളജിക്കൽ പാർക്കിലെത്തുന്ന വിധമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.30ന് നഗരക്കാഴ്ചകൾ കാണാൻ യാത്രക്കാരുമായി ഡബിൾ ഡക്കർ ബസ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടു. ശക്തൻ സ്റ്റാൻഡ്, സ്വരാജ് റൗണ്ട്, അശ്വിനി ജങ്ഷൻ, പുഴയ്ക്കൽ വഴി ശോഭസിറ്റി, കലക്ടറേറ്റ്, പടിഞ്ഞാറേകോട്ടവഴി വഞ്ചിക്കുളം സന്ദർശിച്ച് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ തിരിച്ചെത്തി. വരുംദിവസങ്ങളിൽ സുവോളജിക്കൽ പാർക്കിലേക്ക് കൂടുതൽ സർവീസ് ക്രമീകരിക്കാനാണ് ആലോചന. സുവോളജിക്കൽ പാർക്കിലേക്കുള്ള യാത്രയിൽ മുകളിലെ നിലയിൽ 250 രൂപയും താഴെനിലയിൽ 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നഗരക്കാഴ്ചകൾക്ക് മുകളിലെ നിലയിൽ 200 രൂപയും താഴെ നിലയിൽ 100 രൂപയും ഈടാക്കും. ടിക്കറ്റ് കെഎസ്ആർടിസി റിസർവേഷൻ കൗണ്ടർ മുഖേനെയോ വെബ്സൈറ്റിലൂടെയോ ENTE KSRTC NEO OPRS ആപ് വഴിയോ ബുക്ക് ചെയ്യാം.


