സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന നിരന്തരമായ വ്യക്തിഹത്യകൾക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും ചിറയിൻകീഴ് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമ്യാ ഹരിദാസ്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് നിഷ്കളങ്കരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് സൈബർ ഇടങ്ങളിൽ ശ്രമം നടക്കുന്നതെന്ന് രമ്യ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഇടതുപക്ഷ കോട്ടകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു എന്നതാണോ തനിക്കെതിരെയുള്ള ഈ ആക്രമണങ്ങൾക്ക് കാരണമെന്ന് രമ്യ ചോദിക്കുന്നു. എതിർക്കുന്നവരെ വർഗ്ഗവഞ്ചകർ ആയി കണ്ട് ആക്രമിക്കുന്ന രീതിയാണിത്. മുൻപ് ഇടതുപക്ഷ പ്രതിനിധികൾ മണ്ഡലത്തിൽ നടത്തിയ വികസനത്തേക്കാൾ മികച്ച രീതിയിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകൾ വ്യക്തമാണെന്നും രമ്യ അവകാശപ്പെട്ടു.
ഒരിക്കലും സ്വപ്നം കാണാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും തനിക്ക് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ സ്ഥാനമാനങ്ങളിൽ അമിത താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി. “അരച്ചാൺ വയറുനിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട” എന്ന് കുറിച്ചുകൊണ്ട് തനിക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങളെയും അവർ തള്ളിപ്പറഞ്ഞു. ഫേക് ഐഡികളിലൂടെ നടത്തുന്ന ഇത്തരം അധിക്ഷേപങ്ങൾ മനസ്സിനെ വേദനിപ്പിക്കാറുണ്ടെന്നും എന്നാൽ സത്യം ജനങ്ങൾ തിരിച്ചറിയുമെന്നും രമ്യ കൂട്ടിച്ചേർത്തു.


