Sunday, February 15, 2026
HomeBREAKING NEWSചാലക്കുടിയിൽ രണ്ട് പേർക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്
spot_img

ചാലക്കുടിയിൽ രണ്ട് പേർക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

തൃശൂർ: ചാലക്കുടി നഗരത്തിലെ ജനവാസകേന്ദ്രത്തിൽ കുരങ്ങിൻ്റെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. വെട്ടുകടവ് പാലത്തിനു സമീപത്തെ പുഴയോരം സ്ട്രീറ്റിൽ ചിറയത്ത് മുണ്ടൻമാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടൻ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ഗിരിജ (59) എന്നിവർക്കാണ് പരുക്കേറ്റത്. വെട്ടുകടവ് എം.കെ.എം. റോഡിലെ തോട്ടാൻ ജോർജിൻന്റെ വീട്ടിലെ ജോലിക്കാരിയാണ് ഗിരിജ. സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന കുരങ്ങുകളിൽ ഒന്നാണ് ആക്രമിച്ചത്.

വീട്ടുപറമ്പിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന മോളിയുടെ പിൻഭാഗത്ത് ചാടിക്കയറിയ കുരങ്ങ് മുതുകിൽ മാരകമായി മാന്തി പരുക്കേൽപ്പിച്ചു. ഇവർ നിലവിളിച്ച് ബഹളം വച്ചെങ്കിലും വീട്ടിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഒരു മിനിറ്റോളം ആക്രമിച്ച കുരങ്ങ് പിന്നീട് ഓടി പോവുകയായിരുന്നു. തുടർന്ന് 11 മണിയോടെയാണ് ഇതേ കുരങ്ങ് 400 മീറ്റർ അകലെയുള്ള തോട്ടാൻ ജോർജിന്റെ വീട്ടുപറമ്പിൽ എത്തിയത്.

പറമ്പിൽ പണിയെടുത്തുനിന്നിരുന്ന ഗിരിജയുടെ കാലിലായിരുന്നു കുരങ്ങിന്റെ ആക്രമണം. ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.പേ വിഷബാധ പ്രതിരോധ മരുന്നാണ് ഇരുവർക്കും കുത്തിവെച്ചത്. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈൽ സ്ക്വാഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരുവർക്കും നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകൾ തമ്പടിക്കുന്നത് നാട്ടുകാർക്ക് ഭീഷണിയാവുകയാണ്. സംഭവത്തോടെ വെട്ടുകടവ് പ്രദേശത്തെ നാട്ടുകാർ ഭീതിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments