തൃശൂർ : ശിവരാത്രി ആഘോഷങ്ങൾക്കായി ജില്ലയിലെ ശിവക്ഷേത്രങ്ങൾ ഒരുങ്ങി.ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ വൈവിധ്യമാർന്ന ആഘോഷങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ നടക്കുക. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്‌ച ലക്ഷം ദീപം തെളിയിക്കും. രാവിലെ എട്ടിന് പഞ്ചവാദ്യവും വൈകിട്ട് ആറിന് നിറമാലയും നടക്കും. മതിൽക്കെട്ടികത്ത് പകൽ മൂന്നിന് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്ത് അവതരിപ്പിക്കും. രാത്രി ഒന്‌പതിന് തായന്‌പക അരങ്ങേറും. രാത്രി വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള എഴുന്നള്ളിപ്പുകൾ തേക്കിൻകാട് മൈതാനിയിലെത്തും. പുലർച്ചെ 1.15ന് കൂട്ടിയെഴുന്നള്ളിപ്പ്. മമ്മിയൂർ മഹാദേവക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, മുതുവറ, ശൃംഗപുരം, പെരുവനം, പെരിങ്ങോട്ടുകര, തൃപ്രയാർ മേൽതൃക്കോവിൽ, ഏങ്ങണ്ടിയൂർ എന്നീ ക്ഷേത്രങ്ങളിലും വിപുലമായ രീതിയിൽ ശിവരാത്രി ആഘോഷിക്കും. അവിണിശേരി തൃത്താമരശേരി, കനകശേരി ക്ഷേത്രത്തിലെ കാവടിയുത്സവവും ഉണ്ടാകും.


