കൊടകര:വീട്ടിൽ അതിക്രമിച്ച് കയറി കത്തികാട്ടി വധഭീഷണി മുഴക്കിയ കേസിൽ വട്ടേക്കാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയും കൂട്ടാളിയും പിടിയിലായി. കൊടകര വട്ടേക്കാട് പനങ്ങാടൻ വീട്ടിൽ വിവേക് (28), വല്ലപ്പാടി ലക്ഷംവീട് ഉന്നതിയിലെ വിഷ് (24) എന്നിവരെയാണ് കൊടകര പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തത്. ഞായർ വൈകിട്ട് 5.30ഓടെയാണ് പ്രതികൾ വട്ടേക്കാട് സ്വദേശി അഖിലിനെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2024 ഡിസംബറിൽ നടന്ന വട്ടേക്കാട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുജിത്തിൻ്റെ സുഹൃത്താണ് അഖിൽ. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ വിവേക് 2025 നവംബർ 25-നാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച സാഹചര്യത്തിൽ വിവേകിൻ്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. ഇരട്ടക്കൊലപാതകക്കേസിന് പുറമെ മൂന്ന് വധശ്രമക്കേസ് ഉൾപ്പെടെ എട്ട് ക്രിമിനൽക്കേസിലെ പ്രതിയാണ് വിവേക്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്‌ണു. കൊടകര എസ്എച്ച്ഒ പി കെ ദാസ്, തൃശൂർ റൂറൽ ഡാൻസാഫ് എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി എം മൂസ, എഎസ്ഐമാരായ വി യു സിൽജോ, എ യു റെജി, എം ജെ ബിനു, എസ്‌സിപിഒ ഷിജോ തോമസ് എന്നിവടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


