വടക്കഞ്ചേരി : വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി. മഞ്ഞപ്ര രാഹുൽ അപ്പുവി (26)നെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് വടക്കഞ്ചേരിക്ക് സമീപത്തുനിന്ന് മണ്ണുത്തി പൊലീസ് പിടികൂടിയ രാഹുൽ വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച വടക്കഞ്ചേരി നായർക്കുന്ന് അനസ് (26), പ്രധാനി സഫർ (36) എന്നിവരെ ചൊവ്വാഴ്‌ച പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാഹുലിനെ കോയമ്പത്തൂരിൽനിന്നും പിടികൂടിയത്. രാഹുലിനെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച ഇരട്ടക്കുളം നെല്ലിയാംകുന്നം ജിബിൻ (25), കണ്ണനൂർ മണലൂർ ജലാലുദ്ദീൻ (20), കോയമ്പത്തൂർ സ്വദേശി അൻവർ (30) എന്നിവരെയും പൊലീസ് അറസ്‌റ്റ് ചെയ്തു.


