എരുമപ്പെട്ടി:കടങ്ങോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ പൂർത്തിയായി.4Gപഞ്ചായത്തിലെ വിവിധ ഫാമുകളിൽ നിന്നായി മൊത്തം 396 പന്നികളെ ദ്രുതകർമസേന ശാസ്ത്രീയമായി കൊന്ന് സംസ്‌കരിച്ചു. രോഗബാധയും നടപടികളും നന്നമുക്ക് വടക്കേപുരയ്ക്കൽ തരിയത്ത് വീട്ടിൽ രവി എന്ന കർഷകന്റെ ഫാമിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിക്കുകയും കൾലിങ് നടപടികൾ ആരംഭിച്ചു. മേഖലയിലെ ഫാമുകളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 4 ഫാമുകളിലെ പന്നികളെ കൊന്നു. പ്രദേശത്തെ രോഗം റിപ്പോർട്ട് ചെയ്‌ത കർഷകൻ രവി, സമീപത്തെ കർഷകരായ നീലേശ്വരം കോണോരൻ കെ ഒ ജോസ്, കൂനംമൂച്ചി പുല്ലിക്കോട്ടിൽ തോമസ് സ്റ്റാൻലി, സന്തോഷ് തൈക്കൂട്ട്, പാതിയറം കുടുക്കകുന്നേൽ പ്രദീപ് എന്നിവരുടെയും ചുറ്റുമുള്ള നിരീക്ഷണ മേഖലയിലെയുള്ളവരുടെയും പന്നികളെയാണ് കൊന്നത്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡൻ്റ്മാർ എന്നിവരടങ്ങുന്ന 20 അംഗ ആർആർടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. വെറ്ററിനറി സർജൻമാരായ ഡോ. സുബിൻ കൊളാടി,ഡോ. വി എൻ അനീഷ് രാജ്, ഡോ. മനോജ് തെറ്റയിൽ, ഡോ. അനൂപ് ജിയോ ജോസ്, ഡോ. സാം എബ്രഹാം നടപടികൾക്ക് നേതൃത്വം നൽകി. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് അണുനശീകരണം നടത്തി. പന്നികളിൽ അസാധാരണമായ മരണമോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.


