തൃശൂർ:നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച 200 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ പൊലീസ് കേസെടുക്കും. രണ്ടാം പ്രതിയായ മാർട്ടിൻ സംസാരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് തൃശൂർ സിറ്റി പൊലീസ് കേസെടുക്കുക. മാർട്ടിൻ വീഡിയോയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് അതിജീവിതയുടെ കുടുംബാംഗം കഴിഞ്ഞദിവസം ഡിഐജി എസ് ഹരിശങ്കറിന് നൽകിയ പരാതിയിലാണ് തൃശൂർ സിറ്റി പൊലീസ് കേസെടുത്തത്. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് കേസ് അന്വേഷിക്കുക. വീഡിയോ പുറത്തുവിട്ടവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ കേസെടുക്കും.


