തൃശൂർ: മനക്കൊടിയിൽ കുടുംബവഴക്കിനെതുടർന്ന് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഭർത്താവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി അറസ്റ്റിൽ. മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശിനെ (24)യാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
വാക്കേറ്റത്തെ തുടർന്ന് വാടകവീട്ടിൽ അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഒരു കാൽ അറ്റ നിലയിലാണ്. കൈക്കും ശരീരത്തിലും സാരമായ പരുക്കുണ്ട്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ എഴുന്നേറ്റ് എത്തുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച യുവതിയെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പൊലീസ് പാഞ്ഞെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പും ഇവർ തമ്മിൽ വഴക്കിട്ടിരുന്നതായി പറയുന്നു. പരുക്കേറ്റ അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌തു വരികയാണ്. അന്തിക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ഫോറൻസിക് സംഘം സ്ഥലത്തുവന്ന് പരിശോധന നടത്തി. അന്തിക്കാട് സി.ഐ. കേഴ്‌സൺ, എസ്. ഐ. ഡെന്നി, ജി.എ.എസ്.ഐ. വിജയൻ, സി.പി.ഒമാരായ അനീഷ്, അനൂപ്, ജോയ് 51 എന്നിവരാണ് പ്രതിയെ പിടികൂടിയത്.


