ഗുരുവായൂർ:ഗുരുവായൂർ കിഴക്കേനടയിലെ മഞ്ജുളാൽ തറയിൽ പുതിയ കുചേല ശിൽപ്പവും സ്ഥാപിക്കും. കാലപ്പഴക്കത്താൽ നശിച്ചതിനെ തുടർന്ന് നേരത്തെ ഗരുഡ ശിൽപ്പത്തോടൊപ്പം പഴയ കുചേല ശിൽപ്പവും മാറ്റിയിരുന്നു.ດഗരുഡൻ്റെ പുതിയ വെങ്കല ശിൽപ്പം മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ചു. വരുന്ന കുചേല ദിനത്തിൽ ആറടി ഉയരമുള്ള കരിങ്കല്ലിൽ തീർത്ത കുചേല ശിൽപ്പവും മഞ്ജുളത്തറയിൽ സ്ഥാപിക്കും. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ശിൽപ്പത്തിന്റെ്റെ നിർമാണം പൂർത്തിയായി.ശിൽപ്പി ഉണ്ണി കാനായിയാണ് നിർമിച്ചത്. മഞ്ജുളാൽത്തറയിലെ ഗരുഡ ശിൽപ്പവും ഉണ്ണി കാനായിയാണ് നിർമിച്ചത്. കൈയിൽ ഓലക്കുടയും വടിയും എടുത്ത് തോളിൽ വച്ച് വലത് കൈ ഇടനെഞ്ചിൽ വച്ച് തോളിൽ തുണിസഞ്ചിയും അരയിൽ അവൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് നോക്കുന്ന രീതിയിലാണ് ശിൽപ്പത്തിന്റെ രൂപകൽപ്പന. രണ്ട് മാസം സമയമെടുത്താണ് ശിൽപ്പത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കീൽ, ഇ പി ഷൈജിത്ത്, ബാലൻ പാച്ചേനി, രതീഷ് വിറകൻ, അർജുൻ കാനായി എന്നിവരും ശിൽപ്പ നിർമാണത്തിൽ പങ്കാളികളായി. കുചേലദിനമായ ബുധൻ രാവിലെ 9ന് ചലച്ചിത്ര നിർമാതാവ് വേണു കുന്നുംപള്ളി മഞ്ജുളാൽത്തറയിൽ ശിൽപ്പം അനാച്ഛാദനം ചെയ്യും.


