Wednesday, February 11, 2026
HomeBREAKING NEWSലക്ഷങ്ങളുടെ കാമറ മോഷ്ടിച്ച പ്രതി പിടിയിൽ
spot_img

ലക്ഷങ്ങളുടെ കാമറ മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ:തൃശൂർ നഗരത്തിലെ കാമറ ക്കടയിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. എറണാകുളം വല്ലാർപാടത്ത് താമസിക്കുന്ന മാനന്തവാടി സ്വദേശി ഫൈസൽ (35, ക്യാമറ ഫൈസൽ) ആണ് പിടിയിലായത്.കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ നടന്ന കാമറ മോഷണക്കേസുകളിൽ ഇയാൾക്ക് പങ്ക് ഉണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ സമാന കേസുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് പറഞ്ഞു. കഴിഞ്ഞ 10 നാണ് കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ കടയിൽ നിന്ന് കാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. പുലർച്ചെ സിസിടിവി വിച്ഛേദിക്കപ്പെട്ടതായി കണ്ട കടയുടമ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെട്ട് പരിസരം നിരീക്ഷിക്കാൻ പറഞ്ഞെങ്കിലും സംശയാസ്പ‌ദമായ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, രാവിലെ കട തുറക്കാൻ വന്നപ്പോൾ ഷട്ടർ പൊളിച്ച നിലയിലായിരുന്നു. ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള ടീം ഏറ്റെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ 150 ഓളം വരുന്ന സിസിടിവികൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങളും ശേഖരിച്ചുമാണ് പ്രതിയിലേക്ക് എത്തിയത്. മോഷ്ടിച്ച കാമറകളിൽ പകുതി പ്രതി മറ്റൊരു ബാഗിലാക്കി സമീപത്തെ വീടിന് പിറകിലെ മോട്ടോർ ഷെഡിൽ ഒളിപ്പിച്ചു. ചാക്കിൽ കെട്ടിയ നിലയിൽ കാമറകൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. ബാക്കി പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന എറണാകുളത്തെ വിലാസത്തിൽ എത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേയാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments