Wednesday, February 11, 2026
HomeThrissur Newsഐ.എഫ്.ടി.എസ് 2026 ഫെസ്റ്റിവലിന് തൃശ്ശൂരിൽ തിരിതെളിയും
spot_img

ഐ.എഫ്.ടി.എസ് 2026 ഫെസ്റ്റിവലിന് തൃശ്ശൂരിൽ തിരിതെളിയും

തൃശ്ശൂര്‍:

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്‌സ് സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസിൻ്റെ (ഐ.എഫ്.ടി.എസ്) നാലാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 22 വരെ തൃശ്ശൂരിൽ അരങ്ങേറുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിയേറ്ററും ആരോഗ്യവും’ ആണ് ഈ വർഷത്തെ വിഷയം. കരുതലിൻ്റെയും സഹഭാവത്തിൻ്റെയും പാരിസ്ഥിതിക അവബോധത്തിൻ്റെയും പഠന-പരീക്ഷണ ശാലയായാണ് ഐ.എഫ്.ടി.എസ് 2026 വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ-സാർവ്വദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള ബോധനശാസ്ത്ര വിദഗ്‌ധരും തിയേറ്റർ പ്രവർത്തകരും അടക്കം 350 പേർ ഫെസ്റ്റിവലിൽ പ്രതിനിധികളായെത്തും. പത്ത് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടക്കം പന്ത്രണ്ട് പേരെയാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനവും അയക്കുക.

​സ്റ്റേജ് പ്രൊഡക്ഷനുകളും പാരമ്പര്യകലാ ആവിഷ്‌കാരങ്ങളും ഡിവൈസ്‌ഡ് തിയേറ്റർ ലാബുകളും തിയേറ്ററിൻ്റെയും പരമ്പരാഗത ചികിത്സയുടെയും മേഖലയിലുള്ള വിദഗ്ദ്ധരുടെ മാസ്റ്റർ ക്ലാസുകളും ഫെസ്റ്റിവലിൻ്റെ ഭാഗമായുണ്ടാകും. ഗവേഷണപ്രബന്ധ അവതരണങ്ങൾ, വട്ടമേശ ചർച്ചകൾ, മാനസികാരോഗ്യ-സ്വാസ്ഥ്യ ശില്‌പശാലകൾ എന്നിവയും ഇതോടൊപ്പം നടത്തും.

വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ അന്വേഷിക്കുവാനും ലക്ഷ്യമിട്ടാണ് ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയോടെ ഈ ബോധനശാസ്ത്രോത്സവം ( കാർണിവൽ ഓഫ് പെഡഗോജി) ആരംഭിച്ചത്.

മാനസികാരോഗ്യം, പരമ്പരാഗത ആതുരശുശ്രൂഷാ സംവിധാനങ്ങൾ, ഭിന്നശേഷിത്വം, തിയേറ്റർ, പരിസ്ഥിതി തുടങ്ങിയവ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ സാധ്യതകൾ മേള ആരായുകയും, തിയേറ്ററിനെ ബോധനശാസ്ത്ര പ്രവർത്തനമായും ആരോഗ്യ-സൗഖ്യ രീതിയായും ഒരേ സമയം അവതരിപ്പിക്കുകയും ചെയ്യും.

ഐ.എഫ്.ടി.എസ് 2026-ൻ്റെ വിപുലീകരണത്തിൻ്റെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാല വിംബിൾഡൺ കോളേജ് ഓഫ് ആർട്‌സ്, യൂണിവേഴ്സിറ്റി ഓഫ് ആർട്‌സ്, ലണ്ടൻ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രാമ ആൻഡ് തിയേറ്റർ ആർട്‌സ് സിർ പൊന്നമ്പലം രാമനാഥൻ ഫാക്കൽറ്റി ഓഫ് വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്‌സ് – യൂണിവേഴ്സിറ്റി ഓഫ് ജാഫ്ന, ശ്രീലങ്ക, അലക്സാണ്ടർ സെൽവെറോവിച്ച് നാഷണൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് ഇൻ വാർസോ, പോളണ്ട് എന്നീ
മൂന്ന് അന്താരാഷ്ട്ര സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

ഇറ്റ്ഫോക്കിൻ്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള വിഖ്യാത തിയേറ്റർ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരളത്തിൽ ഉടനീളം മൂന്നു ദിവസം നീളുന്ന തിയേറ്റർ ശില്പശാലകളും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

1977-ൽ പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ആരംഭിച്ച സ്‌കൂൾ ഓഫ് ഡ്രാമയെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ ഈ ഫെസ്റ്റിവൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, എച്ച്.ഒ.ഡി നജ്മുൽ ഷാഹി, ചീഫ് കോ_ഓർഡിനേറ്റർ ഡോ. ശ്രീജിത്ത് രമണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments