ചാവക്കാട്:തൃശ്ശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവലും ചൊവ്വാഴ്‌ച ആരംഭിക്കും. ചാവക്കാട്ടും ഗുരുവായൂരുമായാണ് മേള നടക്കുക. മേള ചൊവ്വ രാവിലെ 9.30-ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകും. ബുധനാഴ്‌ച വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നടത്തും. ഗണിതശാസ്ത്രമേള മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ് സ്‌കൂൾ(എച്ച്എസ് ബ്ലോക്ക്), ഐടി മേള മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ് സ്കൂൾ(എച്ച്എസ്എസ് ബ്ലോക്ക്), സാമൂഹ്യശാസ്ത്രമേള മമ്മിയൂർ എൽഎഫ്‌സി യുപി സ്കൂൾ, ശാസ്ത്രമേള ചാവക്കാട് എംആർആർഎം എച്ച്എസ് സ്‌കൂൾ, പ്രവൃത്തി പരിചയമേള ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്എസ് സ്‌കൂൾ, കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവൽ ചാവക്കാട് ജിഎച്ച്എസ് സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കും. കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവലിൽ 52 സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറിനടുത്ത് കുട്ടികൾ പങ്കെടുക്കും. 60 സ്റ്റാളുകളിൽ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. 19 ഇനങ്ങളിൽ തൊഴിൽ നൈപുണികളുടെ മത്സരങ്ങളും വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും.


