കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിൽബോംബ് വച്ചിട്ടുണ്ടെന്ന് തൃശ്ശൂർ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തുടർന്ന് കോടതി അധികൃതർ വിവരം തൃശൂർ കലക്ടർക്ക് കൈമാറി. തൃശൂർ കലക്ടർ വിവരം ഇടുക്കി കലക്‌ടറെയും അറിയിച്ചു. ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലിസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാർ മാധ്യമപ്രവർത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം.



