തൃശൂർ: അഞ്ചേരിചിറയിൽ ബൈക്ക് കടന്നുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നാല് പേർക്ക് വെട്ടേറ്റു. ഗുണ്ടയായ നെൽസൻറെ നേതൃത്വത്തിൽ മുളകുപൊടി മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. ഇന്ന് വൈകീട്ട് 5 അരയോടെയാണ് അഞ്ചേരി സ്വദേശി സുധീഷ്, ചേലക്കോട്ടുകര സ്വദേശികളായ വിമൽ, കിരൺ, വിനിൽ എന്നിവർക്ക് വെട്ടേറ്റത്.
അഞ്ചേരി ത്രിവേണി റോഡിൽ താമസിക്കുന്ന നിജോ, വീട്ടിലേക്ക് മടങ്ങിവരവെ ഫ്രൂട്ട്സ് കച്ചവടം കഴിഞ്ഞ് റോഡ് സൈഡിൽ ഇട്ടിരുന്ന പെട്ടി ഓട്ടാറിക്ഷ മാറ്റാനാവശ്യപ്പെട്ട് വാക്കു തർക്കത്തിൽ ഏർപ്പെട്ടു.
തുടർന്ന് അവിടെ നിന്നും മടങ്ങിയ നിജോ സഹോദരന്മാരായ നെൽസനെയും നെക്സനെയും കൂട്ടിക്കൊണ്ടുവന്നു. മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് നാലു പേരെയും വെട്ടിപ്പരുക്കേൽപ്പിച്ചു.വെട്ടേറ്റ നാലു പേർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ വിനിലിനും കിരണിനും തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.പിന്നാലെ, സംഭവ സ്‌ഥലത്തുനിന്നും ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ ഒല്ലൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി, പിന്തുടർന്നെത്തിയ ഒല്ലൂർ പൊലീസ് ആശുപത്രിയിലെത്തി പ്രതികൾക്കെതിരെ കേസെടുത്തു. ആക്രമണം നടത്തിയതിൽ ഒരാളായ നെൽസൺ സ്‌ഥിരം കുറ്റവാളിയാണ്.



