തൃശൂർ: മാളയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയെ പിടികൂടി. പുത്തൻചിറ സ്വദേശി ആദിത്ത് ആണ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞമാസം 25-ാം തിയതിയാണ് ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപിക ജയശ്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. വയോധികയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന ആറു പവൻ സ്വർണമാല വലിച്ചു പൊട്ടിച്ചു. തുടർന്ന് 27-ാം തിയതി പ്രതി മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തി. എന്നാൽ ആദിത്തിന് അധികകാലം വിലസി നടക്കാനായില്ല. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാറിന്റെ നിർദേശപ്രകാരം മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്‌റ്റ് ചെയ്തു.



