ചാവക്കാട്:കടപ്പുറം വട്ടേക്കാട് നിന്ന് കാണാതായ വിദ്യാർഥിയെ ഒരുമനയൂർ തെക്കേത്തല മഹല്ല് പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വട്ടേക്കാട് കണ്ടാരശേരി വീട്ടിൽ സുബൈറിന്റെറെയും റംഷിയുടെയും മകൻ മുഹമ്മദ് റസൽ(15)ആണ് മരിച്ചത്. തൃത്തല്ലൂർ കമല നെഹ്റു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റസലിനെ ചൊവ്വാഴ്ച പകലാണ് കാണാതായത്. രാത്രിയായിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഒരുമനയൂർ റഗുലേറ്റർ പരിസരത്ത് മൊബൈൽ ഫോൺ ഉള്ളതായി മനസ്സിലാക്കി. തുടർന്ന് ഈ ഭാഗത്തെ പൊന്തക്കാടുകളിലും ഒഴിഞ്ഞുകിടക്കുന്ന വള്ളങ്ങളിലും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. ഇതിനിടെ പള്ളിക്കുളത്തിൻ്റെ കരയിൽ ചെരിപ്പും വസ്ത്രവും കണ്ടതായി ചിലർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് പള്ളിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. പരിശോധനയിൽ വൈകിട്ട് അഞ്ചരയോടെ റസലും കൂട്ടുകാരനും കുളത്തിൽ കുളിക്കാനെത്തുന്നതിൻ്റെയും കൂട്ടുകാരൻ പിന്നീട് ഓടിപ്പോകുന്നതിൻ്റെയും ദൃശ്യങ്ങൾ ലഭിച്ചു. ഉടൻതന്നെ പൊലീസ് ഗുരുവായൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് കുളത്തിൽ നടത്തിയ പരിശോധനയിൽ ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെ മുഹമ്മദ് റസലിന്റെ മൃതദേഹം കണ്ടെത്തി. റസൽ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച കൂട്ടുകാരൻ വീട്ടിലെത്തി ഇക്കാര്യം ആരോടും പറയാതെ ഭയന്ന് കഴിയുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം വട്ടേക്കാട് മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. സഹൽ ആണ് റസലിന്റെ സഹോദരൻ.



