കൊടുങ്ങല്ലൂർ: ബാബാസായ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ഈ വർഷത്തെ സായ് രത്ന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കുമെന്ന് ചെയർമാൻ ടി ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. വരദ ബി മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴം രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ വിവേകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മി കുമാരി 50,001 രൂപയും കീർത്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് പി എൻ ഉണ്ണിരാജ, ശ്രീ കുരുംബ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി സത്യധർമൻ അടികൾ, ഫാ. ജോസഫ് മാളിയേക്കൽ, ഡോ. കെ കെ യൂസഫ്, ഡോ. എം എസ് മുരളീധരൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. തുടർന്ന് സംഗീത നൃത്തവാദ്യോപകരണങ്ങളുടെ അരങ്ങേറ്റവും നടക്കും. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷനും ആരംഭിക്കും. ഓൺലൈനായും രജിസ്റ്റർ ചെയ്യാം. പിടിഎ പ്രസിഡന്റ് ടി ജയകുമാർ, സിഇഒ വിഷ്‌ണുസായ് മേനോൻ, എൻ വി ഷാജി, സി നന്ദകുമാർ, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


