തൃശൂർ: ക്ഷേത്രത്തിൽനിന്നും തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ അറസ്റ്റിൽ. മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ശ്രീകോവിൽ വിഗ്രഹത്തിൽ പാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവൻ തൂക്കം വരുന്ന തിരുവാഭരണം ക്ഷേത്രത്തിൽനിന്നും മോഷ്ടിച്ച് പണയം വച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം ശാന്തിക്കാരനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ അശ്വന്ത് (34)ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡൻ്റ് രാജീവിൻ്റെ പരാതിയെ തുടർന്നായിരുന്നു നടപടി.
2020 ഫെബ്രുവരി രണ്ടിനാണ് അശ്വന്ത് ശാന്തിക്കാരനായി ജോലിയ്ക്ക് കയറിയത്. സ്വർണാഭരണങ്ങളുടേയും വെള്ളിപാത്രങ്ങളുടേയും ചുമതല ശാന്തിക്കാണ് ക്ഷേത്രഭാരവാഹികൾ നല്കിയത്. സ്വർണാഭരണങ്ങൾ അവിടെയില്ലെന്ന സംശയം വന്നതോടെ ശാന്തിയോട് തിരുവാഭരണങ്ങൾ കാണിച്ചുതരാൻ ചില കമ്മിറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ ഭാരവാഹികളും വന്നാലേ ഇവ കാണിക്കുവെന്ന നിലപാട് ശാന്തി സ്വീകരിച്ചു. ഇതുപ്രകാരം 20ന് രാവിലെ ഒമ്പതോടെ മുഴുവൻ ഭാരവാഹികളും ക്ഷേത്രത്തിലെത്തി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്.ചോദ്യം ചെയ്യലിൽ ആഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വച്ചതായി അറിയിച്ചു. കമ്മിറ്റിയംഗങ്ങൾ നടത്തിയ പരിശോധനയിൽ പത്ത് ഗ്രാം വരുന്ന കാശുമാല, ഏഴ് ഗ്രാം തൂക്കമുള്ള സ്വർണ വളയടക്കം പല ആഭരണങ്ങളും ശ്രീകോവിൽനിന്നും നഷ്ട്‌ടപ്പെട്ടതായും കണ്ടെത്തി. തുടർന്നാണ് കൊരട്ടി പോലീസിൽ പരാതി നല്‌കിയത് പിടിയിലായ അശ്വന്ത് പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ വെണ്ണലമാതാരത്ത് ദേവിക്ഷേത്രത്തിലേയും ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ പുല്ലാട്ടുകാവ് ക്ഷേത്രത്തിലേയും തിരുവാഭരണം മോഷ്ടിച്ച് പണയം വച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


