ചേർപ്പ് :ഓൺലൈനിൽ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടന്നൂർ സ്വദേശിനിയിൽനിന്ന് 10 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിലെ ഒരാളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഷിഹാസ് (23) ആണ് അറസ്റ്റിലായത്. കോടന്നൂർ ശാസ്താംകടവ് സ്വദേശിനി സ്മിത (43) യാണ് തട്ടിപ്പിനിരയായത്. ടാസ്ക‌് ചെയ്ത് പണമുണ്ടാക്കാം എന്ന ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ട് സ്മിത പ്രതികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ അയച്ച് കൊടുത്ത ടെലഗ്രാം അക്കൗണ്ടിന്റെ്റെ ലിങ്കിൽ കയറി പ്രതികൾ നൽകിയ ടാസ്ക്‌ക് ചെയ്‌തു. അതിൽ വിജയിച്ചുവെന്ന് അറിയിച്ച് സ്‌മിതക്ക് 150 രൂപ അയച്ച് കൊടുത്തു. തുടർന്ന് വലിയ ടാസ്‌കുകൾ ചെയ്യാൻ നിർബന്ധിക്കുകയും അതിന് മുൻകൂറായി പണം കെട്ടിവയ്ക്കണമെന്നും അറിയിച്ചു. ടെലഗ്രാമിലൂടെ വിവിധ ലിങ്കുകൾ അയച്ച് കൊടുത്ത് ടാസ്‌കുകൾ ചെയ്യിപ്പിച്ച് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി സ്‌മിതയിൽനിന്ന് 10,05780 രൂപ അയപ്പിച്ചു. 2024 ഫെബ്രുവരി രണ്ടുമുതൽ മാർച്ച് 19 വരെയുള്ള തീയതികളിലാണ് തട്ടിപ്പ് നടന്നത്. അറസ്റ്റിലായ മുഹമ്മദ് ഷിനാസിൻ്റെ അക്കൗണ്ടിലേക്ക് സ്മിത അയച്ച 3,15,780 രൂപ തട്ടിപ്പ് സംഘത്തിലെ പ്രധാനികൾക്ക് കൈമാറി കമീഷൻ കൈപ്പറ്റുകയാണ് മുഹമ്മദ് ഷിനാസ് ചെയ്‌തത്. ചേർപ്പ് എസ്എച്ച്ഒ എം എസ് ഷാജൻ, എസ്ഐ കെ എസ് സുബിന്ത്, സിപിഒമാരായ ഗോകുൽദാസ്, റിൻസൺ, സുബിൻ എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.


