ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ 1,06,75,000 രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കോയമ്പത്തൂരിൽനിന്നും പിടികൂടി.മരുതം നഗർ സ്വദേശി എസ് സഞ്ജയ് (26) യെ ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള റൂറൽ സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കല്ലേറ്റുങ്കര സ്വദേശിയെയാണ് വാട്ട്സ് ഗ്രൂപ്പിൽ അംഗമാക്കി ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപ തട്ടിപ്പിനിരയാക്കിയത്. ജനുവരി എട്ട് മുതൽ ഫെബ്രുവരി 14 വരെ 14-02-2025 പരാതിക്കാരന് ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നിക്ഷേപിച്ചത്. ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ആവശ്യപ്പെടുകയും നിക്ഷേപ തുക തിരികെ നൽകാതിരിക്കുകയും ചെയ്‌തതോടെയാണ് ഇരിങ്ങാലക്കുട സൈബർ പൊലീസിൽ പരാതി നൽകിയത്. തട്ടിയെടുത്ത പണത്തിൽനിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ മാറ്റി പ്രതികൾക്ക് നൽകി കമീഷൻ വാങ്ങി തട്ടിപ്പിൽ പങ്കാളിയായതിനാണ് അറസ്റ്റ്. ഇൻസ്പെക്ടർ പി എസ് സുജിത്ത്, എസ്ഐ ജെസ്റ്റിൻ വർഗീസ്, സിപിഒ സി എസ് ശ്രീയേഷ്, ടെലികമ്യൂണിക്കേഷൻ സിപിഒ ടി പി ശ്രീനാഥ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.


