
പള്ളിക്കര(കാസർകോട്): പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവർമ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിൻസാ ഫാത്തിമ (14), ആയിഷത്ത് ഷിഫാന (13), ആയിഷ ബഹ്റ (13), സഫാ ഫാത്തിമ (14), നിഫാ ഫാത്തിമ (13), ഫിദാ ഫാത്തിമ (14), സാറാ സഹ്ന (14), മുഹമ്മദ് റിസ്വാൻ (8) എന്നിവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി.
തിങ്കളാഴ്ച രാത്രി 11-ഓടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ നാലുപേർ ചൊവ്വാഴ്ച രാവിലെയും 10 പേർ ഉച്ചതിരിഞ്ഞും ആസ്പത്രി വിട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷത്തില്‍ വൊളന്റിയർമാരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്ക് സംഘാടകർ ലഘുഭക്ഷണം ഏർപ്പെടുത്തിയിരുന്നു. വിളമ്ബിക്കഴിഞ്ഞപ്പോള്‍ ഭക്ഷണം തികഞ്ഞില്ല. തുടർന്ന് സംഘാടകർ വേദിയുടെ തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്ന് ഷവർമ വാങ്ങിനല്‍കുകയായിരുന്നു.
കഴിച്ച് അരമണിക്കൂറിനുള്ളില്‍ കുട്ടികള്‍ ചർദിക്കാൻ തുടങ്ങി. സംഘാടകർ എല്ലാവരെയും ഉടൻ ആസ്പത്രിയിലെത്തിച്ചു. ബേക്കല്‍ പോലീസിനെയും പള്ളിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.


