തൃശൂർ: മൂന്നോണനാളിൽ ആടിത്തിമിർത്ത് കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടികൾ. കിഴക്കുംപാട്ടുകര ശ്രീധർമശാസ്താ ക്ഷേത്രാങ്കണത്തിൽനിന്ന് താളത്തിനൊത്ത് നൃത്തംവച്ചെത്തിയ കുമ്മാട്ടികൾ നാടിനെ ഉത്സവത്തിമിർപ്പിലാഴ്ത്തി. വനിതാ കുമ്മാട്ടികളും ആവേശകരമായി. മാവേലി മന്നൻ്റെ മടക്കയാത്രയെ അനുസ്‌മരിക്കുന്ന ചടങ്ങാണെന്നും ശിവൻ്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടി രൂപങ്ങളെന്നുമാണ് ഐതിഹ്യം. നാഗസ്വരം, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, തംബോലം, തുള്ളൽവാദ്യം, പ്രച്ഛന്നവേഷം, നിശ്ചല ദൃശ്യം തുടങ്ങിയവ കുമ്മാട്ടിക്ക് മാറ്റുകൂട്ടി.


