തൃശൂർ:സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകേന്ദ്രവും തൃശൂർ കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ വ്യാഴാഴ്‌ച തൃശൂർ തേക്കിൻകാട് മൈതാനത്ത് ആരംഭിക്കും. നായ്ക്കനാലിന് സമീപമാണ് ഓണാഘോഷ പരിപാടികൾ നടക്കുക.ദീപാലങ്കാരത്തോടെ ഒരുക്കുന്ന ഓണാഘോഷം വ്യാഴാഴ്‌ച വൈകിട്ട് അഞ്ചിന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും. തുടർന്ന് പുരുഷോത്തമൻ പനങ്ങാട്ടുകര അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കലാസദൻ തൃശൂരിന്റെ സംഗീത നിശ, കൊച്ചിൻ ഹീറോസ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവ നടക്കും. തിരുവോണ ദിനത്തിൽ കലാഭവൻ ഷിനു അവതരിപ്പിക്കുന്ന മിമിക്രി വൺമാൻ ഷോ, കൊച്ചിൻ പോപ്പിൻസിന്റെ തിരുവാതിരക്കളി എന്നിവയും ഉണ്ടാകും. ശനിയാഴ്ച്‌ച ജയചന്ദ്രൻ സ്‌മൃതി ഗാനസന്ധ്യ, ഗസൽ എന്നിവ അരങ്ങേറും. ഞായറാഴ്‌ച വിപിൻ വിശ്വനാഥ പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, അനിത ഷെയ്ഖ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ നടക്കും. സമാപന ദിനമായ തിങ്കളാഴ്‌ച പുലികളിയോടെ ഓണാഘോഷം സമാപിക്കും. തുടർന്ന് സിദ്ധാർഥ് മേനോൻ അവതരിപ്പിക്കുന്ന ഗാനമേളയും രാത്രി എട്ടരയോടെ പുലികളി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. മന്ത്രി ആർ ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം മേയർ എം കെ വർഗീസ് നിർവഹിക്കും. ജില്ലാ കേന്ദ്രത്തിലെ ആഘോഷങ്ങൾക്ക് പുറമെ പീച്ചി, കലശമല, വിലങ്ങൻകുന്ന്, തുമ്പൂർമുഴി, സ്നേഹതീരം ബീച്ച്, അഴിക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച്, കണ്ടശാങ്കടവ്, വാഴാനി, ചാവക്കാട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.


