തൃശ്ശൂർ കസ്റ്റഡി മർദ്ദനം, കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടൂള്ളൂ, സംഭവത്തെ നിസാരവത്കരിച്ച് ഡിഐജി ഹരിശങ്കർ.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പരാതി ഉയർന്ന അന്ന് തന്നെ നടപടിയെടുത്തുവെന്നും ആരോപണവിധേയരായ നാല് ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റ് കട്ട് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരെ സ്ഥലം മാറ്റിയെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കുന്നംകുളം കോടതി നേരിട്ട് അന്വേഷിക്കുന്ന കേസിലാണ് സംഭവത്തെ നിസാരവത്കരിച്ച് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതിയുത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ഡിഐജി ശുപാർശ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പൊലീസ് സേനയിൽ 62,000 പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ ഈ സംഭവം പൊതുവത്കരിക്കരുതെന്നുമാണ് ഹരിശങ്കർ മാധ്യമപ്രവർത്തരോട് പറഞ്ഞത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരായിരുന്നു സുജിത്തിനെ മർദിച്ചത്. വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് പിന്നീട് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശാനുസരണം നടത്തിയ വൈദ്യപരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും കണ്ടെത്തിയിരുന്നു.


