തൃശൂർ:അരമണി കുലുക്കി മേളത്തിനൊത്ത് ചുവടുവച്ച് നിറച്ചാർത്തായി പട്ടണത്തിൽ പുലികളിറങ്ങാറായി. നാലാം ഓണനാളായ തിങ്കളാഴ്‌ച പുലികൾ ആടിത്തിമിർക്കും. ഇത്തവണ ഒമ്പത് സംഘങ്ങളുണ്ട്. മലയാളിക്ക് ഓണം പോലെ തൃശൂരുകാർക്ക് പ്രധാനമാണ് പുലികളി. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. വൈകിട്ട് നാലിന് അതത് പ്രദേശങ്ങളിൽനിന്ന് പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. മനുഷ്യപ്പുലികളുടെ സമാനതകളില്ലാത്ത നൃത്തോത്സവം പതിനായിരങ്ങൾക്ക് ഹരമാകും. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിന്റെ രണ്ടാം പൂരമാണിത്. പട്ടാളക്യാമ്പിൽ തുടങ്ങിയ പൈതൃകം നൂറ്റാണ്ടിൻ്റെ പഴക്കമുള്ള പുലികളിക്ക് ഇന്നത്തെ വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും കൈവന്നിട്ട് അഞ്ച് പതിറ്റാണ്ടോളമായി. പണ്ട് തൃശൂർ പട്ടാളം റോഡിനടുത്തുണ്ടായിരുന്ന പട്ടാള ക്യാമ്പിൽനിന്നാണ് പുലികളിയുടെ ഉത്ഭവം. മൂന്ന് ചുവടായിട്ടാണ് കളി. വലത്തെ കൈയും ഇടത്തെ കാലുമാണ് ആദ്യം മുന്നിലേക്ക് വെയ്ക്കുക.തൊട്ടടുത്ത നിമിഷം ഇടത്തെ കൈയും വലത്തെ കാലും വച്ച് കളിക്കുന്നു. അരയിലെ മണികൾ കുലുങ്ങുകയും ചെണ്ടമേളവും താളമൊപ്പിച്ചുള്ള ചുവടുവയ്പ്പും കൂടിയാകുമ്പോൾ പുലികളി നയനാനന്ദകരമാകും. താളം മുറുകുമ്പോൾ ആവേശത്താൽ കാണികളും പുലിക്കൂട്ടത്തിലിറങ്ങും. കോർപറേഷൻ പുലികളി സംഘങ്ങൾക്ക് 3,12,500-രൂപ സഹായധനമായി നൽകും.1,50,000 -രൂപ അഡ്വാൻസായി നൽകി. ബാക്കി തുക 1,62,500 -രൂപ പുലികളിക്കുശേഷം ചെക്കായും നൽകും. ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയും നൽകും. ഓരോ ടീമിനും 125 ലിറ്റർ മണ്ണെണ്ണയും കോർപറേഷൻ നൽകും. പുലികളി, നിശ്ചലദൃശ്യം, അച്ചടക്കം, പുലി വണ്ടി, ഹരിത വണ്ടി, പുലിക്കൊട്ട് എന്നിവയ്ക്കും സമ്മാനമുണ്ട്. ഇത്തവണ മുതൽ മികച്ച പുലി വരയ്ക്കും സമ്മാനം നൽകും. തൃശൂർ നഗരാതിർത്തിയിലെ അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്ൻ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്ക്കൽ ടീമുകളാണ് പുലികളിക്കെത്തുക. വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും. തലേന്ന് പുലിവാൽ എഴുന്നള്ളിപ്പ് നടക്കും.പുലിച്ചമയ പ്രദർശനം നാളെമുതൽ പുലിച്ചമയ പ്രദർശനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ ബാനർജി ക്ലബ്ബിൽ നടക്കും. ചമയ പ്രദർശനം വെള്ളി വൈകിട്ട് അഞ്ചിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.


