വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സ്റ്റോപ്പുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കെ രാധാകൃഷ്‌ണൻ എംപി കത്ത് നൽകി. തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷനിലെ അവസാനത്തെ എക്സ‌്പ്രസ് സ്റ്റേഷനാണ് വടക്കാഞ്ചേരി. ആരോഗ്യ സർവകലാശാല, തൃശൂർ ഗവ. മെഡിക്കൽ കോളജ്, ഡെന്ററൽ കോളജ്, നഴ്സിങ് കോളജ്, കേരള കലാമണ്ഡലം, കേരള ലോക്കൽ അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളും ജീവനക്കാരും ദിവസേന ഇവിടെ നിന്നാണ് യാത്ര ചെയ്യുന്നത്. കോവിഡിന് ശേഷം തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്, എറണാകുളം-കാരക്കൽ എക്സ‌്പ്രസ്, കന്യാകുമാരി-പുണെ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വടക്കാഞ്ചേരി സ്റ്റോപ്പുകൾ റദ്ദാക്കിയതോടെ യാത്രക്കാരുടെ ദുരിതം വർധിച്ചു. ഈ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ഷൊർണൂർ ഒഴിവാക്കി പാലക്കാട് വഴി പോകുന്ന ട്രെയിനുകൾക്കും വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. തിരുവനന്തപുരം- മധുരെ അമൃത എക‌്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇൻ്റർസിറ്റി എക്സ‌്പ്രസ്, നഗർകോവിൽ-മംഗളൂരു എക്സ‌്പ്രസ് എന്നവയ്ക്കും സ്റ്റോപ്പ് അനുവദിക്കണം.നിലവിൽ പകൽ 3 ന് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന ഏക ട്രെയിൻ (നിലമ്പൂർ-കോട്ടയം എക്സസ്പ്രസ്) വൈകിട്ട് 5 ന് ശേഷം മാത്രമേ ലഭ്യമാകുന്നുള്ളു. രാവിലെയും വൈകിട്ടും പാലരുവി എക്‌സ്പ്രസിന് ഒരു മിനിട്ട് വീതം സ്റ്റോപ്പ് അനുവദിച്ചാൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുമെന്നും എംപി വ്യക്തമാക്കി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.


