
നമ്മുടെ ഭക്ഷണ വസ്തുക്കള്‍ പലതും മരുന്നു കൂടിയാണ്. പലപ്പോഴും നാം വളപ്പിലും വേലിയിറമ്പിലും കാണുന്ന പല സസ്യങ്ങളും നാം അവഗണിയ്ക്കുന്നതാണ് പതിവ്. എന്നാല്‍, പോഷക ഗുണവും ഒപ്പം മരുന്നു ഗുണവും ഒത്തിണങ്ങിയവയാകും ഇവയില്‍ പലതും. ഇതില്‍ ചീര വര്‍ഗത്തില്‍ പെട്ടവ പ്രധാനമാണ്. പലയിനം ചീരകള്‍ നാം നട്ടു പിടിപ്പിയ്ക്കാതെ തന്നെ നമ്മുടെ വളപ്പില്‍ കാണാറുണ്ട്. ഇവ പലതും നാം ഗുണറിയാതെ കളയുടെ കൂട്ടത്തില്‍ പെടുത്തി പറിച്ചു കളയുന്നതാണ് പതിവ്. ഇത്തരത്തില്‍ ഒന്നാണ് ഷുഗര്‍ ചീര അഥവാ ‘ചായാമന്‍സ’ എന്ന ചീര. മായന്‍ ചീ എന്നും മെക്‌സിക്കന്‍ ചീര എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. മെക്‌സിക്കയിലാണ് ഇത് ധാരാളം കണ്ടു വരുന്നത്.

പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ഷുഗറിനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇതിന്റെ ഇലകള്‍. സാധാരണ ചീര തോരന്‍ വയ്ക്കുന്നതു പോലെ ഇത് വച്ചു കഴിച്ചാല്‍ മതിയാകും. ഇതല്ലാതെ ഇതിന്റെ ഇലകള്‍ കൊണ്ട് ചായ വച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന്റെ നാലഞ്ച് ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചെറുചൂടില്‍ 20 മിനിറ്റ് തിളപ്പിച്ച് ഇത് പിന്നീട് ഊറ്റിയെടുത്ത് നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തു കുടിയ്ക്കാം. പ്രമേഹത്തിനും കരള്‍ ശുദ്ധീകരിയ്ക്കാനും ഇതേറെ നല്ലതാണ്.


