തൃശൂർരണ്ടാമത് അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രമേള 8 മുതൽ 10 വരെ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ കൈരളി-ശ്രീ തിയേറ്റർ, തൃശൂർ ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് മേള. ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി, പൊതു വിദ്യാഭ്യാസ വകുപ്പ്, ഐഎ-ഫ്എഫ്ടി ചലച്ചിത്രകേന്ദ്രം, ശാസ്ത്രസാഹിത്യ പരിഷത്ത്, ഭൗമം സോഷ്യൽ ഇനീഷ്യേറ്റീവ്, വിജ്ഞാൻസാഗർ സയൻസ് പാർക്ക് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. അഞ്ചു പാക്കേജുകളിലായി അമ്പതോളം ശാസ്ത്ര സിനിമകൾ പ്രദർശിപ്പിക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ‘ശാസ്ത്രസമേതം’ പദ്ധതിയുടെ ഭാഗമായി 100 സയൻസ് സിനിമകൾ നിർമിക്കുന്നതിനും ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കും. ഫെസ്റ്റിവെലിൽ പങ്കാളികളാവുന്ന സ്‌കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇതിനായി പരിശീലനം നൽകും. സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ സയൻസ് സിനിമകളുടെ നിർമാണം നടക്കും. വാർത്താസമ്മേളനത്തിൽ സമ്മേതം കോ -ഓർഡിനേറ്റർ വി മനോജ്, അഡ്വ. കെ പി രവിപ്രകാശ്, ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുത്തു.


