പാഞ്ഞാൾ: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിൽ കിള്ളിമംഗലം ഉദുവടിയിൽ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ചൊവ്വ വൈകിട്ട് 6.45നായിരുന്നു അപകടം. തൃശൂരിൽ നിന്ന് മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവില്വാമലയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഉദുവടി കള്ള് ഷാപ്പിന് സമീപമുള്ള വളവിൽ കെഎസ്ആർടിസി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ മുണ്ടൂർ സ്വദേശിയായ കൃഷ്‌ണകുമാറി (45)നെ ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ബസിലെയും 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടുപാറ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറിലധികം ഗതാഗതക്കുരുക്കുണ്ടായി.


