(ജെ സ് കെ)
ഏറെ പ്രതീക്ഷയോടെ ആണ് ജെ എസ് കെ കാണാൻ തൃശ്ശൂരിൽ പോയത്.
ശബ്ദ സൗകുമാര്യം ഒട്ടും ചോർന്നു പൂവാതിരിക്കാൻ മുന്തിയ ഇടത്ത് മുന്തിയ കസേലയിൽ ഇരുന്ന് കണ്ണും കാതും കൂർപ്പിച്ചു രണ്ടര മണിക്കൂറിൽ അധികം. ഒന്നും നഷ്ടമായിക്കൂടല്ലോ കാണുന്നതും കേൾക്കുന്നതും.
ഇതിനൊരു പശ്ചാത്തലമുണ്ട്. ഒരുപാട് ചർച്ചകളും അന്തിവിസ്താരങ്ങളും പേരിൻ്റെ പേരിൽ നടന്ന ചിത്രം.വിവാദങ്ങൾ പെരുപ്പിച്ച് ഭക്ഷിച്ച ചാനൽ നേരങ്ങൾ.ഏതായാലും കണ്ടുകഴിഞ്ഞു വല്ലതും എൻ്റെ ഉളളിൽ തോന്നിയോ എന്ന കാര്യം പറയണമല്ലോ.
നാമവും ടീസറും പരസ്യത്തുണ്ടുമൊക്കെ ധ്വനിപ്പിക്കും പോലെ കോടതിമുറിക്കുള്ളിലെ കഥ പറയുന്ന മട്ടിൽ ഒരു നാടക വിതാനത്തിലാണ് ഇത് പ്രേക്ഷകരിലേക്ക് വരുന്നത്. സുരേഷ് ഗോപി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു ചെയ്യുന്ന ജെ.എസ്.കെ. സുരേഷ് ഗോപിയുടെ മറ്റ് ഏതൊരു കൊലക്കേസന്വേഷണ സിനിമയേയും
പോലെ എന്നുതന്നെ തോന്നിച്ചു എന്നിലെ കാഴ്ച്ചക്കാരന്.
എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിട്ടുണ്ട് എന്ന കാര്യവും പറയണം. അതുകൊണ്ട് ചിന്താമണിയിൽ നിന്നും മാറി നടന്നു സിനിമ.
നാട്ടിൽ ഒരു കുറ്റകൃത്യം സംഭവിച്ചാൽ കുറ്റം ചർത്തപ്പെട്ടവർ ആരാണെന്നു കണ്ടു പിടിച്ചിട്ടു മാത്രം കാര്യമില്ലെന്നും അതിന്റെ ഹേതു കണ്ടെത്തി ബാഹ്യ പരിഹാരക്രിയക്കപ്പുറം കൃത്യമായ നടപടികൾ വേണമെന്ന് കൂടി ഫിലിം ഉദ്ബോധിപ്പിക്കുന്നുണ്ട്.
ജാനകി ആണ് കേന്ദ്രകഥാബിന്ദു. ബാക്കിയുള്ളവർ അവരെ വലംവെച്ചു ചേരുന്നു.
അനുപമ പരമേശ്വരൻ എന്ന നടിക്ക് നല്ലൊരു വേഷമാണ് കിട്ടിയത്.ജാനകി എന്ന പെൺകുട്ടിയും അവളുടെ അതിജീവന പോരാട്ടവും അവളെ ഒപ്പം നിന്നും മാറിനിന്നും എത്തുന്ന സമൂഹത്തെയുമാണ് ചിത്രത്തിൽ മുഴുവൻ കാണുക.സിനിമയുടെ ഒന്നാം ഭാഗം ദോഷം പറയാൻ വയ്യാത്ത വിധം നീതി പുലർത്തിയിട്ടുണ്ട്.
പ്രത്യേകിച്ചും ഇടവേള തുടങ്ങും മുമ്പ് ഉളള കുറച്ചു നേരം. ഏറെ ഉദ്വേഗം ജനിപ്പിച്ച രംഗങ്ങൾ ആണ് അതിൽ.

മൂലകഥയുടെ പിന്നാമ്പുറം കാണണ
ആൾക്ക് ഉളളിൽ പതിയണമെങ്കിൽ ഒന്നാം ഭാഗം കഴിയണം.
കേവലമായ തുടക്ക ഭാഷണം കൊണ്ട് സുരേഷ് ഗോപിക്ക് ഒരു അമാനുഷിക കൽപ്പന കിട്ടാത്ത മട്ടിലേക്ക് കഥ നീട്ടുന്നുവെങ്കിലും തൊട്ടു പിറകിൽ വരുന്ന നേരങ്ങളിൽ ഒരു ശക്തമായ നായക തലത്തിലേക്ക് ആൾ എത്തിപ്പെടുന്നു.
ആദ്യാർദ്ധത്തിലെ അനുവർത്തിത
ശീലത്തിലല്ല അന്ത്യാർദ്ധം കാണുന്നത്.
കോർട്ട് അല്ല തീർത്തും കുറ്റമന്വേഷിക്കുന്ന ഒരു കീ റോൾ ആണ് നായകന് ഇവിടെ കാണുക. പോലീസുകാർ മാത്രമല്ല സാമാന്യ ജനങ്ങളും കൂടെ നിൽക്കുന്നു പ്രതിയിലേക്ക് എത്തുവാൻ.

എന്നാൽ ആദ്യ ഹാഫിലെ പോലെ ഒന്നു മുറുക്കി പറഞ്ഞിരുന്നെങ്കിൽ രണ്ടാം പകുതി ഇതിനേക്കാൾ മെച്ചമാകുമായിരുന്നു എന്ന് തോന്നിപ്പോയി.
ഒന്നു രണ്ട് സ്ഥലത്ത് അതിഭാവുകത്വം ഫീൽ ചെയ്തെങ്കിലും ജാനകിയായി അനുപമ പരമേശ്വരൻ അസ്സലൊരു നടനമാണ് നടത്തുന്നത്. പറഞ്ഞു പതം വന്ന കൂറ്റൻ ഡയലോഗുകളും അതിനു ചേർന്ന പ്രകടനവും പുത്തരിയല്ലാത്ത സുരേഷ് ഗോപി അനായാസം വക്കീൽ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയനിരയിൽ അസ്കർ അലി, ജയൻ ചേർത്തല, ശ്രുതി രാമചന്ദ്രൻ, യദു കൃഷ്ണൻ തുടങ്ങി പലരും മോശം പറയാൻ തോന്നാത്ത പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
രചനയും സംവിധാനവും നിർവഹിച്ച പ്രവീൺ നാരായണൻ ഒരു കന്നിച്ചിത്രത്തിന്റെ കൈകുറ്റപ്പാടുകളില്ലാതെ തികവു പുലർത്തി എന്നതും പരാമർശിക്കാതെ വയ്യ.രണദീവിന്റെ ഛായാഗ്രഹണവും സംജിത് മുഹമ്മദിന്റെ എഡിറ്റിങും മികച്ചു നിന്നു.
തിരക്കഥയിലെ ചില സംഭാഷണങ്ങളും രംഗങ്ങളും സന്ദർഭോചിതമല്ലാതെ കൽപ്പിച്ചോ കൃത്രിമമായോ ഇണക്കിച്ചേർത്തപോലെ അനുഭവപ്പെട്ടു. സിസ്റ്റവും അതിന്റെ തകരാറും ചർച്ചയാകുന്ന ഒരു കാലത്ത് അത് ബോധപൂർവമല്ലെന്ന് വാദിക്കാനും കാര്യമുണ്ട്. ജിബ്രാന്റെ പശ്ചാത്തല സംഗീതം കിടയറ്റ അനുഭവമായി.
ഗിരീഷ് നാരായണന്റെ സംഗീതവും ആസ്വാദ്യകരമായി.
കോടതി രംഗങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഹൃദയത്തിൽ പതിഞ്ഞേക്കാവുന്ന ചിത്രമാണ് ജെ എസ് കെ. അനുമതിക്കാർ എന്തിനാണ് ഈ പടത്തിൽ ഇത്രയധികം തിരുത്തലുകൾ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇത് കണ്ടുകഴിഞ്ഞിറങ്ങുമ്പോളും മനസ്സിലായിട്ടില്ല.
ഒന്നോർത്താൽ അതൊരു നല്ല പരസ്യമായി എന്നു കരുതാം. എങ്കിലും ചിത്രം എത്രകണ്ട് വിജയത്തിൽ എത്തുമെന്ന സംഗതി പറയുക വയ്യ.

ഒരു സ്ത്രീയെ അതിൻ്റെ പരമമായ പ്രദേശത്ത് ഒച്ച പുറപ്പെടാത്ത രീതിൽ കോടതി മുറിയിലേക്ക് ആനയിച്ചോ എന്ന ഒരു ശങ്കയും തോന്നാതില്ല.
വിവേക് സന്തോഷ് ചിത്രത്തിൽ,
സിനിമയിലെ ഒരു പിരിമുറുക്കഘട്ടത്തിൽ, ഡേവിഡ് ആബേൽ ഡോണോവൻ (സുരേഷ് ഗോപി) കൽപ്പന പോലെ പറയുന്ന “അവളുടെ ശബ്ദം ഇപ്പോൾ ഇവിടെ കേൾക്കണം.” എന്ന ഒച്ച ഒരു ആഘാതം കണക്കെ പതിക്കുന്നു.
നീതിക്കായി പോരാടുന്ന ജാനകി എന്ന സ്ത്രീയെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയിൽ, അവളുടെ ചുറ്റും നിരക്കുന്ന ആണുങ്ങളുടെ പ്രമാദിത്വത്തിൽ അതിജീവിതയുടെ ശബ്ദം താണു പോവുന്നോ എന്നും ചിന്തിക്കണം.
നമ്മുടെ നാട് സാമൂഹികമായി ബോധമുള്ളതും പരിരക്ഷയുള്ള ഒരു നിയമ സംവിധാനവുമായി മുന്നോട്ടു പോവുമ്പോഴും അതിപ്രസരണമുള്ള വൈകാരിക തലങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ചലച്ചിത്രമാവുന്നു ജെ എസ് കെ. നായകൻ്റെ ആവേശകരമായ പ്രകടനത്തിലേക്ക് ചിന്ത വഴി നടക്കുന്നു.
സ്ത്രീതലം വിട്ട് പുരുഷതലത്തിലേക്ക് മാറ്റി സ്ഥാപിച്ചോ എന്ന് ചിലപ്പോഴെങ്കിലും തോന്നിച്ചു സിനിമ.
ആദ്യന്തം സങ്കീർണ്ണവുമായ ഒരു പ്രമേയം.
മാധവ് സുരേഷ്, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവർ ശ്രദ്ധിക്കപ്പെട്ടു.
നവീൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധവ് സുരേഷ് കഥാപാത്രത്തിൽ ശരിഗതിയിൽ നിന്നുമാറി അവതരിപ്പിക്കപ്പെടുന്നു.
സീരിയസ് ആയി നിൽക്കേണ്ട ഇടം വിചിത്രവും വ്യതിചലനത്താൽ രസകരവുമായി വരുന്നു.
പിരിമുറുക്കവും അസാധാരണ ഗതിമാറ്റവും നിഴലിച്ച ഒരു പരിസരത്തേക്ക് ശ്രുതി രാമചന്ദ്രന്റെ കഥാപാത്രമായ നിവേദിത പ്രവേശിക്കുന്നു. കഥാപാത്രത്തിന് ഒരു നിശബ്ദശക്തി നൽകുന്നുണ്ട്. അതേലാം ഗംഭീരമായ ഒരു പ്രകടനം കൊണ്ട് കാഴ്ച്ചയെ പിടിച്ചു നിർത്തുന്നു.
ഒടുവിൽ കോടതിമുറിയിൽ ഡേവിഡ് ജാനകിയുടെ ഗർഭസ്ഥശിശുവിന് ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കണമെന്ന് വാദിക്കുമ്പോഴാണ് ചിത്രത്തിലെ ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിലൊന്ന് വരുന്നത്. ഉദ്ദേശിച്ച ഒരു പ്രതിഫലനം ആ ശബ്ദം ഉണ്ടാക്കിയോ എന്നും ചിന്തിക്കണം. ഒരു ഒച്ചപ്പെയ്ത്ത് ആയോ അത് എന്നും.

കാതലിനെ കാല്പനികത കൊണ്ടു മാറ്റിയൊട്ടിക്കുമ്പോൾ പിഴവുകൾ വന്നുകൂടാ. അവിടെ വികാരം കുമിള പോലെ പൊട്ടി വീഴുന്നു.
നീതി ഒരു ഉറപ്പായി തോന്നിക്കണം ഇരക്ക് എന്നും. ഇവിടെ എങ്ങിനെയോ നിറഞ്ഞുപോയ സങ്കീർണ്ണത അതിനെ വഴിമാറ്റിയോ എന്നുപോലും പ്രമേയ അവതരണത്തിൻ്റെ ദൗർബല്യം കൊണ്ട് ചിന്തിക്കാൻ ഇടവരുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ആവിഷ്കാരം തന്നെ ആയി ജെ എസ് കെ. വലിയ ബഹളങ്ങളില്ലാതെ കാണാവുന്ന ഒന്ന്.
-ശിവൻ സുധാലയം


