കുന്നംകുളം:പോർക്കുളം കോലാടിപ്പാടത്ത് പശുവിനെ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിച്ചു.
എഴുത്ത്പുരക്കൽ വീട്ടിൽ സ്‌മിജിത്തിന്റെ എട്ടുമാസം പ്രായമുള്ള പശുവിനെയാണ് പാമ്പ് വരിഞ്ഞുമുറുക്കിയത്. ശനി വൈകിട്ട് ആറോടെ പശുവിനെ അഴിക്കാൻ എത്തിയ ഇദ്ദേഹത്തിൻ്റെ മകനാണ് പശുവിനെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് പശുവിനെ ബന്ധിച്ചിരുന്ന കയർ വലിച്ചതോടെ പാമ്പ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോവുകയായിരുന്നു.
പശുവിൻ്റെ പിൻവശത്തെ ഇരുകാലുകളിലെയും എല്ലുകൾ ഒടിഞ്ഞ നിലയിലാണ്.
കുന്നംകുളത്തെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വനം വന്യജീവി വകുപ്പിൻ്റെ നിർദേശപ്രകാരം ഞായറാഴ്‌ച അക്കിക്കാവിൽനിന്ന് പാമ്പിനെ പിടിക്കാൻ ആൾ എത്തിയെങ്കിലും പിടി കൂടാനായില്ല.


