തൃശൂർ: പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിജയരാഘവനും സുലോചനയും, വൃദ്ധസദനത്തിൽനിന്ന് വിജയരാഘവൻ സുലോചനയുടെ കൈ പിടിച്ചിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്. തൃശൂർ ഗവ. വ്യദ്ധ സദനത്തിൽനിന്നാണ് വിജയരാഘവനും സുലോചനയും ഒരുമിച്ചൊരു യാത്ര ആരംഭിക്കുന്നത്. സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് 79 കാരനായ വിജയരാഘവനും 75 വയസുള്ള സുലോചനയും വിവാഹിതരായത്.
പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂർ ഗവൺമെൻ്റ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ഇതുവര്യം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും, ഡയറക്ടറും വകുപ്പ് ഉദ്യോഗസ്ഥരും വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റിയും ഒരുക്കങ്ങൾ നടത്തി ഇവരുടെ വിവാഹം നടത്തുകയായിരുന്നു.
മന്ത്രി ഡോ. ആർ. ബിന്ദു, മേയർ എം.കെ. വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജീവിത സായന്തനത്തിൽ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഇവർക്കുണ്ടാകട്ടെ എന്നും ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നവദമ്പതികൾക്ക് മധുരം നൽകി. മേയർ എം വർഗീസും ദമ്പതികൾക്ക് ആശംസകൾ നേർന്നു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗൺസിലർമാർ, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികൾ തുടങ്ങിയവർ ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേർന്നു.


